സദ്യ സ്റ്റൈൽ നാടൻ സാമ്പാർ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; അസാധ്യ രുചിയിൽ തനി നാടൻ കേരള സാമ്പാർ!! | Easy Sambar Recipe
About Easy Sambar Recipe
Easy Sambar Recipe : മലയാളികൾക്ക് ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത വിഭവങ്ങളിൽ ഒന്നായിരിക്കും സാമ്പാർ. ദോശ, ഇഡ്ഡലി മുതൽ ചോറു വരെ സാമ്പാർ കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവാണെന്ന് തന്നെ പറയേണ്ടി വരും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലായിരിക്കും സാമ്പാർ ഉണ്ടാക്കുന്നത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു ടേസ്റ്റിൽ ആയിരിക്കും മിക്കപ്പോഴും സദ്യകളിലെ സാമ്പാർ തയ്യാറാക്കുന്നത്. എല്ലാവർക്കും അത്തരത്തിൽ കൂടുതൽ രുചി കിട്ടുന്ന രീതിയിൽ സാമ്പാർ തയ്യാറാക്കണം എന്നതായിരിക്കും ആഗ്രഹം.
എന്നാൽ സാമ്പാർ ഉണ്ടാക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എന്നാൽ മാത്രമേ നമ്മൾ ഉദ്ദേശിച്ച സ്വാദോട് കൂടി സാമ്പാർ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാമ്പാർ ഉണ്ടാക്കുന്നതിനായി ഇഷ്ടമുള്ള പച്ചക്കറികൾ എല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. സാധാരണയായി ഉപയോഗിക്കുന്ന കഷ്ണങ്ങളും അവയുടെ അളവുകളുമാണ് ഇവിടെ നൽകിയിരിക്കുന്നത്. താളിപ്പിന് ആവശ്യമായിട്ടുള്ളത് കടുക്, ഉലുവ, കറിവേപ്പില, ഉണക്കമുളക് എന്നിവയാണ്.
Ingredients
- മുരിങ്ങക്കായ – 2 എണ്ണം
- വെണ്ടയ്ക്ക – രണ്ടു മുതൽ മൂന്നെണ്ണം വരെ
- പച്ചക്കായ – ഒരു ചെറിയ കഷണം
- ക്യാരറ്റ് – വലുത് ഒരെണ്ണം
- ബീറ്റ്റൂട്ട് – ഒരെണ്ണം
- കുമ്പളങ്ങ – ഒരു ചെറിയ പീസ്
- പടവലങ്ങ – ഒരു ചെറിയ പീസ്
- പയർ – രണ്ടു മുതൽ മൂന്നെണ്ണം വരെ
- ബീൻസ് – 2 എണ്ണം
- തക്കാളി – വലുത് ഒരെണ്ണം
- സവാള – 1 എണ്ണം
- പുളി – നെല്ലിക്ക വലിപ്പത്തിൽ
- മുളകുപൊടി – ഒരു ടീസ്പൂൺ
- മല്ലിപ്പൊടി – ഒന്നേകാൽ ടീസ്പൂൺ
- സാമ്പാർ പൊടി – രണ്ട് ടീസ്പൂൺ
- കായം – ഒരു ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
- സാമ്പാർ പരിപ്പ് – കാൽ കപ്പ്
Learn How to Make Easy Sambar Recipe
ആദ്യം തന്നെ കുക്കർ എടുത്ത് അതിൽ കഴുകി വൃത്തിയാക്കി വെച്ച പരിപ്പ് ഇട്ടു കൊടുക്കുക. അതിന് മുകളിലായി എടുത്തു വച്ച കഷണങ്ങളെല്ലാം ചേർത്തു കൊടുക്കാവുന്നതാണ്. കഷ്ണങ്ങളിലേക്ക് മസാല നല്ല രീതിയിൽ പിടിക്കുന്നതിനായി സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഉപ്പ്, കായം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കഷ്ണങ്ങൾ വേവാൻ ആവശ്യമായ വെള്ളം കൂടി ഈ ഒരു സമയത്ത് ഒഴിച്ച് മൂന്നു മുതൽ നാലു വരെ വിസിൽ അടിപ്പിച്ച് എടുക്കാവുന്നതാണ്. കുക്കറിലെ വിസിൽ എല്ലാം പോയിക്കഴിയുമ്പോൾ വേവ് കുറവുള്ള കഷണങ്ങളായ പയർ, ബീൻസ്, വെണ്ടയ്ക്ക, മുരിങ്ങക്കായ എന്നിവ കൂടി വേവിച്ചു വെച്ച കഷ്ണത്തിലേക്ക് ചേർത്ത് ഒരു വിസിൽ കൂടി അടുപ്പിച്ച് എടുക്കണം.
രണ്ടാമത് വീണ്ടും കുക്കറിലേക്ക് കഷ്ണങ്ങൾ ചേർത്ത് കൊടുക്കുമ്പോൾ തന്നെയാണ് പുളി വെള്ളവും ചേർത്ത് കൊടുക്കേണ്ടത്. എന്നാൽ മാത്രമേ കഷ്ണത്തിലേക്ക് നല്ലതുപോലെ പുളി ഇറങ്ങി പിടിക്കുകയുള്ളൂ. ഈയൊരു സമയം കൊണ്ട് സാമ്പാറിലേക്ക് ആവശ്യമായ താളിപ്പ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കാൽ ടീസ്പൂൺ അളവിൽ ഉലുവയും, ഉണക്കമുളകും, കറിവേപ്പിലയും, കടുകും ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ച ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. കഷ്ണങ്ങളുടെ പച്ചമണമെല്ലാം പോയി കഴിയുമ്പോൾ മല്ലിപ്പൊടി, കുറച്ചു കൂടി മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്.
ഈയൊരു സമയം കൊണ്ട് കുക്കറിലെ കഷ്ണങ്ങളെല്ലാം നല്ല രീതിയിൽ വെന്തു വന്നിട്ടുണ്ടാകും. അവസാനമായി തയ്യാറാക്കി വെച്ച താളിപ്പ് കൂടി സാമ്പാറിലേക്ക് ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാവുന്നതാണ്. സാമ്പാർ സെർവ് ചെയ്യുന്നതിന് മുൻപായി കുറച്ച് കറിവേപ്പില കൂടി ഇട്ട് മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ കറിക്ക് നല്ല രുചി ലഭിക്കുന്നതാണ്. ഇനി സാമ്പാർ ചൂടോടു കൂടി തന്നെ ചോറ്, ഇഡലി, ദോശ എന്നിങ്ങനെ ഇഷ്ടമുള്ളതിനോടൊപ്പം സെർവ് ചെയ്യാം. ഈയൊരു രീതിയിൽ സാമ്പാർ തയ്യാറാക്കുമ്പോൾ ഓരോരുത്തരുടെയും ആവശ്യാനുസരണം കഷ്ണങ്ങളുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ Minnuz Tasty Kitchen എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. Recipe Credit : Minnuz Tasty Kitchen